തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടക്കാട് വാഹനാപകടത്തില്‍ മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞു. അഞ്ച് പേരും കൊല്ലം സ്വദേശികളാണെന്ന സ്ഥിരീകരണമാണ് വരുന്നത്. ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേര് സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍, സൂര്യോദയകുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
അപകടമുണ്ടായ ഭാഗത്ത് വെളിച്ചം കുറവായതിനാല്‍ നാട്ടുകാര്‍ വൈകിയാണ് വിവരം അറിഞ്ഞത്. അതിനാല്‍ മൃതദേഹം പുറത്തെത്തിക്കാന്‍ കാലതാമസമുണ്ടായെന്ന് പോലീസ് പറയുന്നു.