കോഴിക്കോട് : സമൂഹമാധ്യമത്തിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകളെ അശ്ലീലം പറഞ്ഞ് അവഹേളിച്ച സംഭവത്തില്‍ അജ്നാസിന്റെ പിതാവ് മാപ്പ് പറഞ്ഞു. അജ്നാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് പിതാവ് രംഗത്തെത്തിയത്.
അജ്നാസിന്റ വീട്ടില്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് സംഭവത്തില്‍ പിതാവ് മാപ്പ് പറഞ്ഞത്. തന്റെ മകന് ആരെയെങ്കിലും മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അവനു വേണ്ടി പരസ്യമായി താന്‍ മാപ്പ് പറയുന്നെന്ന് അദേഹം പറഞ്ഞു. ഇതിനിടെ തന്റെ അക്കൗണ്ടിലൂടെയല്ല പോസ്റ്റുകള്‍ വന്നതെന്നും ഫെയ്ക്ക് ഐഡിയാണിതെന്നും അജ്നാസ് പ്രതികരിച്ചു.
എന്നാല്‍ ഇയാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ടാണിതെന്നും നാട്ടിലെ സുഹൃത്തുക്കളെല്ലാം ഈ അക്കൗണ്ടില്‍ ഇയാളുടെ ഫ്രണ്ട്സാണെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു. കെ. സുരേന്ദ്രന്റെ മകളെ അവഹേളിച്ചതിന് പുറമെ അജ്നാസ് തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വികൃതമാക്കുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നതോടെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. കെ സുരേന്ദ്രന്റെ മകളെ അശ്ലീലം പറഞ്ഞ സംഭവത്തില്‍ നിരവധി ബിജെപി നേതാക്കളാണ് പ്രതികരിച്ചത്.
ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ല എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് അക്കൗണ്ടില്‍ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.