കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ ജയരാജനു ന്യൂമോണിയ പിടിപെട്ടു. പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സിപാപ്പ് ഓക്സിജന്‍ മെഷീന് ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്.
ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സിപിഎം നേതാവ് എം.വി.ഗോവിന്ദന് രാവിലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. തുടര്‍ന്നാണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയത്. എംവി ജയരാജന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരുവനന്തപുരത്തുനിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ മെഡിക്കല്‍ കോളജിലെത്തും.