കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഘത്തിലെ കുട്ടികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്. കുട്ടിയുടെ മരണം പോലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇതിനിടെയാണ് കുട്ടിയുടെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന് ആക്ഷേപമുയര്‍ന്നത്. കേസിലുള്‍പ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അവശനിലയിലായ കുട്ടികള്‍ വെള്ളി രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും കുട്ടികള്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. അതിനിടെ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്ന് കളമശേരി പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്ന് പൊലീസ് വിശദീകരിച്ചു.