പാലക്കാട്: മൃഗങ്ങളോട് ക്രൂരത ചെയ്യുന്ന മനുഷ്യരുടെ വാര്‍ത്തകളാണ് ഇന്ന് മാധ്യമങ്ങളിലേറെയും കാണാന്‍ കഴിയുന്നത്. എന്നാല്‍ അതിനിടയിലും മനസ്സില്‍ നന്മയുടെ അംശം വറ്റാത്ത മനുഷ്യരുണ്ടെന്ന് കാണിച്ചുതരുന്ന മറ്റൊരു സംഭവവും മാധ്യമങ്ങളില്‍ ഇടംനേടുന്നു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നില്‍ റെയില്‍വേ പാളത്തില്‍ പശു അകപ്പെട്ടാല്‍ എന്തു ചെയ്യും? ചിലപ്പോള്‍ അതിനിടെ ഇടിച്ചിട്ട് ട്രെയിന്‍ കടന്നുപോയേക്കാം അല്ലേ?, എന്നാല്‍ ഇവിടെ മറ്റൊരു സംഭവമാണ് നടന്നത്. പശുവിനെ റെയില്‍വേ പാളത്തില്‍ കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി അതിനെ രക്ഷിക്കുകയായിരുന്നു.
പാലക്കാട് അകത്തേത്തറ റെയില്‍വേ ഗേറ്റിലായിരുന്നു വ്യത്യസ്തമായ ആ കാഴ്ച. റെയില്‍വേ പാളത്തില്‍ നില്ക്കുന്ന പശുവിനെ ലോക്കോ പൈലറ്റ് ദൂരെ നിന്നും കണ്ടിരുന്നു. ഹോണ്‍ അടിച്ചിട്ടും പശു വഴിമാറാതെ വന്നതോടെ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ നിന്ന് മാറ്റുകയായിരുന്നു.
കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഹിസാര്‍ സ്പെഷ്യല്‍ ട്രെയിനിലെ ജീവനക്കാരനാണ് നന്മയായത്.