കരുനാഗപ്പള്ളി: കെപിസിസി ജനറല്‍ സെക്രട്ടറി സിആര്‍ മഹേഷിന്റെ വീട് ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ മഹേഷിന് വേണ്ടി വിവിധ മേഖലകളില്‍നിന്നും സാമ്പത്തിക സമാഹരണം തുടങ്ങിയിരുന്നു. എന്നാല്‍ തന്റെ പേരില്‍ ധനസമാഹരണം നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹേഷ്.
എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണയായിരിക്കുന്ന ഇക്കാലത്തു തന്റെ കടം തീര്‍ക്കാന്‍ ഒരാളും സാമ്പത്തിക സമാഹരണം നടത്തരുതെന്ന് അപേക്ഷിക്കുകയാണ്. കടബാധ്യത പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്തം തനിക്കും കുടുംബത്തിനും മാത്രമാണെന്നും മഹേഷ് വ്യക്തമാക്കി.
വായ്പ തിരിച്ചടക്കാന്‍ ബാങ്ക് പലതവണ സാവകാശം തന്നിരുന്നെന്നും പക്ഷെ സാധ്യമായില്ലെന്നും സിആര്‍ മഹേഷ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് സൂക്ഷിച്ചിരുന്നത്. പക്ഷെ സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ഇക്കാര്യം പുറത്തായതാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും അറിയാത്തവരുമായ പലരും ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്തു. ഒത്തിരി സന്തോഷം. എന്നാല്‍ ഈ പ്രശ്ന പരിഹാരത്തിന് ആരില്‍നിന്നും എന്തെങ്കിലും സാമ്പത്തിക സഹായങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വ്യക്തിപരമായ ഈ ബാധ്യത, എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണ് ‘ എന്നും അദ്ദേഹം പറഞ്ഞു.
സിആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
‘പ്രിയപ്പെട്ടവരേ…
എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലും മറ്റിതര മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി.നമ്മുടെ സമൂഹത്തിലെ പല കുടുംബങ്ങളും നേരിടുന്ന ഒരു സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഉള്ള സമ്പാദ്യം ബാങ്കില്‍ വെച്ച് കാര്യങ്ങള്‍ നടത്താന്‍ കടമെടുക്കുക, മുതലും പലിശയും തിരിച്ചടക്കാന്‍ കഴിയാതെ വരിക, ഇങ്ങനെ സംഭവിക്കുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വായ്പക്കും ബാങ്ക് പലതവണ സാവകാശം തന്നിരുന്നു.
പക്ഷെ സാധ്യമായില്ല. ഇത്തരം കാര്യങ്ങള്‍ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് ഞാന്‍ സൂക്ഷിച്ചിരുന്നത്. പക്ഷെ ഈ സന്ദര്‍ഭത്തില്‍ ഇതിനു സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ആകണം, ഇത് പുറത്തു പോവുകയും ചെയ്തു.
ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും അറിയാത്തവരുമായ പലരും ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്തു. ഒത്തിരി സന്തോഷം. നന്ദിയുമുണ്ടെല്ലാവരോടും.
എന്നാല്‍ ഈ പ്രശ്ന പരിഹാരത്തിന് ആരില്‍നിന്നും എന്തെങ്കിലും സാമ്പത്തിക സഹായങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വ്യക്തിപരമായ ഈ ബാധ്യത, എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണ്. എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണയായിരിക്കുന്ന ഇക്കാലത്തു സി ആര് മഹേഷിന്റെ കടം തീര്‍ക്കാന്‍ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് ഞാന്‍ സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്.
അതുകൊണ്ടു തന്നെ ഞാന്‍ ബാങ്കുമായി ബന്ധപ്പെട്ടവരോട് അപേക്ഷിച്ചിട്ടുള്ളത് അല്പം സാവകാശം മാത്രമാണ്, അത് ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്. അത് കിട്ടിയാല്‍ ഞങ്ങള്‍ അടച്ചു തീര്‍ക്കുക തന്നെ ചെയ്യും. ഈ ബാധ്യത പരിഹരിക്കാനുള്ള ഉത്തരവാദിത്വം എന്റെയും എന്റെ കുടുംബത്തിന്റെയും മാത്രമാണ്.
ഇക്കാലമത്രയും ഇതേ പ്രതിസന്ധിയിലൂടെയൊക്കെത്തന്നെയാണ് ഞാന്‍ ജീവിച്ചതും പൊതു പ്രവര്‍ത്തനം നടത്തിയതും. പൊതുപ്രവര്‍ത്തനത്തിനും മറ്റു ജനങ്ങളെ സഹായിക്കുന്നതിനും എന്നോടൊപ്പമെന്നും നിന്നിട്ടുള്ള നിങ്ങളോടുള്ള ഇഷ്ടവും സ്നേഹവും എന്നും എപ്പോഴും ഹൃദയത്തിലുണ്ടാകും. ഞാന്‍ വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തനത്തിലെ മൂല്യങ്ങള്‍ ഒരിക്കലും കൈമോശം വരാതിരിക്കാന്‍ നിങ്ങളുടെ പിന്തുണയും ഇനിയുമുണ്ടാകണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും എന്നെ വര്‍ഗീയവാദിയാക്കിയും ബിനാമി സമ്പാദ്യ പേരു പറഞ്ഞും – വ്യാജ പീഡന വാര്‍ത്തകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു. അതവര് തുടരട്ടെ.
സി.ആര്.മഹേഷ്’.