കൊച്ചി: വാട്ടര്‍ തീം പാര്‍ക്കായ വണ്ടര്‍ലായില്‍ ‘കമല’ എന്നു പേരുള്ളവര്‍ക്ക് ഒരു ദിവസം സൗജന്യ പ്രവേശനം. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജയായ കമല ഹാരിസിനുള്ള ആദരമായാണ് കമല എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ജനുവരി 24 ന് വണ്ടര്‍ലായില്‍ എത്തുന്നവര്‍ക്കായിരിക്കും പ്രവേശനം സൗജന്യമായിരിക്കുക. വണ്ടര്‍ലായുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ‘കമല’ എന്ന പേര് യഥാര്‍ത്ഥമാണെന്ന് വ്യക്തമാക്കുന്ന ഐഡി കാര്‍ഡ് കൊണ്ടു വരേണ്ടതുണ്ട്.
ആദ്യമെത്തുന്ന 100 പേര്‍ക്കായിരിക്കും ഈ അവസരം ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. പേര് കമല എന്ന് തന്നെയായിരിക്കണം, കമല എന്ന പേരുമായി സാമ്യമുള്ള കമല്‍, കമലം എന്നീ പേരുകള്‍ക്കൊന്നും സൗജന്യ പ്രവേശനാനുമതി ലഭിക്കില്ല. വണ്ടര്‍ ലാ പാര്‍ക്ക് നിലവില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം ഈ സൗജന്യ പാസ് ലഭിക്കും.
ഈ ഞായറാഴ്ച എല്ലാ കമലമാരും ജയിക്കുകയാണ് എന്നാണ് വണ്ടര്‍ലാ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന്രെ നേട്ടം ഇന്ത്യയില്‍ വലിയ ആഘോഷമാണുണ്ടാക്കിയത്.
ചെന്നൈയിലെ തുളസേന്ദ്രപുരം ഗ്രാമം സ്വദേശിനിയാണ് കമല ഹാരിസിന്റെ അമ്മ. കമല തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോഴും വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോഴും ഈ ഗ്രാമത്തില്‍ വലിയ ആഘോഷം നടന്നിരുന്നു.