തിരുവനന്തപുരം: ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് മികച്ച വിജയമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അല്ലാതെ സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ലെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവര്ത്തകര്ക്കറിയില്ലെന്നും ജനങ്ങളുമായി ഇടപെട്ടുള്ള പ്രവര്‍ത്തനം നടത്താന്‍ യു.ഡി.എഫിനായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ പ്രതിപക്ഷം ധര്‍മ്മം പൂര്‍ണമായി നിറവേറ്റി എന്നുള്ള ആത്മവിശ്വാസമാണ് ഉള്ളതെന്ന് ചെന്നിത്തല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രതിപക്ഷത്ത് വരുമ്പോള്‍ എല്ലാത്തിനേയും കണ്ണടച്ച് എതിര്‍ക്കുകയും സംസ്ഥാന താത്പര്യങ്ങളെ സമുചിതമായ രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വേണ്ടി തുരങ്കം വെക്കുകയും ചെയ്ത നടപടികളാണ് കേരളം പണ്ട് കണ്ടിട്ടുള്ളതെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനും പ്രതിപക്ഷ അംഗങ്ങളും ഒരിക്കലും ആ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.