ഇരവിപുരം: ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. നിശ്ചയം കഴിഞ്ഞ ശേഷം വരന് വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആന്‍സിയും സുഹൃത്ത് നെടുമങ്ങാട് അരുവിക്കര മുങ്ങേല സ്വദേശി സഞ്ചു (അഖില്‍)വുമാണ് അറസ്റ്റിലായത്.
ഇരവിപുരം പോലീസ് ഇരുവരെയും മൂവാറ്റുപുഴയില്‍നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 18-നാണ് യുവതിയെ കാണാതായത്. അന്നു മുതല്‍ ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഭര്‍ത്താവ് ഇരവിപുരം പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഖിലിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചു. ഈ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴയിലുണ്ടെന്നു കണ്ടെത്തിയത്.
എ.സി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂവാറ്റുപുഴയിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തനിക്ക് ഭര്‍ത്താവിനെയും കുഞ്ഞിനെയും വേണ്ടെന്ന് യുവതി പോലീസിനോട് തുറന്നുപറഞ്ഞു. വെറും രണ്ട് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു ഒളിച്ചോട്ടം.
ഇരുവരും ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അന്‍സിയുടെ ഭര്‍ത്താവ് കുഞ്ഞുമായെത്തിയപ്പോള്‍ കാണാന്‍ കൂട്ടാക്കിയില്ല.തിരികെ വരാന്‍ ഭര്‍ത്താവ് താണുകേണു പറഞ്ഞിട്ടും ഇനിയുള്ള ജീവിതം കാമുകനൊപ്പമാണെന്ന് അന്‍സി പ്രഖ്യാപിച്ചു.
കുഞ്ഞിനെ പോലും കാണണ്ട എന്ന് പൊലീസിനോട് അന്‍സി ആവശ്യപ്പെട്ടു. ഇതോടെ ഭര്‍ത്താവ് ഇവരുമായി സംസാരിച്ചെങ്കിലും കാമുകനെ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭര്‍ത്താവ് പിന്മാറിയത്.