തിരുവനന്തപുരം: വിതുര കല്ലാറില്‍ കാട്ടാന ചെരിഞ്ഞു. വിഷം ഉള്ളില്‍ ചെന്നാണ് ആന ചെരിഞ്ഞതെന്നാണ് സംശയം. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആന ചെരിഞ്ഞതറിയാതെ അടുത്തുതന്നെ നില്‍ക്കുകയാണ് കുട്ടിയാന.
ഈ കാഴ്ച കണ്ടുനിന്നവരുടെയെല്ലാം നെഞ്ചുതകര്‍ത്തു. ഇന്ന് രാവിലെയോടെയാണ് റബ്ബര്തോട്ടത്തിനോട് ചേര്‍ന്ന് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ റബ്ബര്‍ വെട്ടാനെത്തിയ തൊഴിലാളികളാണ് ആനയെ ആദ്യം കാണുന്നത്.
എന്നാല്‍ ആന ചെരിഞ്ഞ വിവരമറിയാതെ കുട്ടിയാന അടുത്തുനിലയുറപ്പിച്ചിരിക്കുകയാണ്. കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃതദേഹത്തിനടുത്ത് നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.
വിഷം ഉള്ളില്‍ ചെന്നാണ് ആന ചെരിഞ്ഞതെന്ന സംശയമാണ് വനം വകുപ്പ ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നത്. പുറത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൃത്യമായ വിവരം ലഭ്യമാകൂ.