മൂന്നാര്‍: വീടിന്റെ അടുക്കളയില്‍ ആരോ മുട്ടുന്നത് പോലെ തോന്നി. കള്ളനാണെന്ന് കരുതി ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഒരു വമ്പന്‍ കാട്ടാനയായിരുന്നു അത്. മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലെ കന്നിയമ്മന്‍ ക്ഷേത്രത്തിന് സമീപം ലായത്തില്‍ താമസിക്കുന്ന മാടസ്വാമിയുടെ വീട്ടിലേക്കാണ് അപ്രതീക്ഷിതമായി കാട്ടാനയെത്തിയത്.
മാടസ്വാമിയുടെ വീടിന്റെ അടുക്കളയില്‍ ആരോ മുട്ടുന്നത് പോലെയുള്ള ശബ്ദമാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ കേട്ടത്. കള്ളനാണെന്ന് കരുത് മാടസ്വാമി 300 മീറ്റര്‍ അകലെ താമസിക്കുന്ന ബന്ധുക്കളെ വിളിച്ചു പറഞ്ഞു. കള്ളനെ പിടിക്കാനായി സംഘം എത്തി.
എന്നാല്‍ സംഘത്തിന് മുന്പില് വന്ന് നിന്നത് കാട്ടാനയായിരുന്നു. കള്ളനെ കയ്യോടെ പിടികൂടാന്‍ വടികളുമായെത്തിയ സംഘം കാട്ടാനയെ കണ്ടതോടെ തിരിഞ്ഞോടി. അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആയുധങ്ങളുമായി മാടസ്വാമിയുടെ വീട് വളയുകയായിരുന്നു.
ഇതിനിടെ പിന്നിലൂടെ കള്ളനെ കയ്യോടെ പിടിക്കാന്‍ എത്തിയവരാണ് അടുക്കള ഭാഗത്ത് കള്ളനല്ല കാട്ടാനയാണെന്ന് കണ്ടത്. രാത്രി 10 മണിയോടെ എത്തിയ രണ്ട് ആനകള്‍ അടങ്ങിയ സംഘം കുട്ടി, മരിയസെല്‍വം എന്നിവരുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡുകളും കന്നിയമ്മന്‍ ക്ഷേത്രത്തിന്റെ ഷെഡും തകര്‍ത്തു. പകലും തേയിലത്തോട്ടത്തില്‍ മേഞ്ഞു നടക്കുകയുമായിരുന്നു ആനക്കൂട്ടം.