കൊടുങ്ങല്ലൂര്‍: അങ്കണവാടിയൊരുക്കാന് അഞ്ചുസെന്റ് ഭൂമി വിട്ടുനല്‍കി പ്രവാസി ദമ്പതികള്‍. ആമണ്ടൂര്‍ വെഴവന പൊരൂര്‍ വീട്ടില്‍ ഹബീബ് റഹിമാനം ഭാര്യ ഖദീജാബിയുമാണ് ആ നന്മ മനസിന് ഉടമകള്‍. നേരത്തെ, പുരയിടം പകുത്തുനല്കി ഒമ്പത് നിര്‍ധന കുടുംബങ്ങള്‍ക്ക് ജീവിതമൊരുക്കിയതും ഈ ദമ്പതികള്‍ തന്നെയായിരുന്നു.
പിന്നാലെയാണ് പഞ്ചായത്തിന് മാതൃകാ അങ്കണവാടിയൊരുക്കാന് സ്ഥലം വിട്ട് നല്‍കിയത്. മാനങ്കേരി കുടുംബാംഗമായ ഖദീജാബിക്ക് കുടുംബ ഓഹരിയായി ലഭിച്ച 30 സെന്റില്‍നിന്ന് മൂന്നുസെന്റുവീതം ഒമ്പത് കുടുംബങ്ങള്‍ക്ക് നല്‍കിയത് ഏതാനും മാസം മുമ്പാണ്. ഈ ഭൂമിയോടുചേര്‍ന്നുള്ള അഞ്ച് സെന്റാണ് അങ്കണവാടിക്കായി കൊടുക്കുന്നത്.
പഞ്ചായത്തിന് 10 സെന്റ് ഭൂമിയുണ്ടെങ്കില്‍ മാതൃകാ അങ്കണവാടി സ്ഥാപിക്കാനാകും. ലൈബ്രറി, വയോജനകേന്ദ്രം തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് അങ്കണവാടിയില്‍ ഉണ്ടാവുക. അഞ്ചുസെന്റ് സ്ഥലംകൂടി സംഘടിപ്പിക്കാനുള്ള ശ്രമം നടത്തിവരികെയാണ് ദമ്പതികള്‍ തങ്ങളുടെ ഭൂമി വിട്ട് നല്‍കാമെന്ന് അറിയിച്ചത്. ഹബീബ് റഹിമാന്റെ പിതാവിന്റെ പേരില്‍ ഈ കുടുംബം രൂപവത്കരിച്ചിട്ടുള്ള കരീം സാഹിബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭൂമിദാനം.