തൃശൂര്‍: വധുവിനെ അണിയിക്കാന്‍ വാങ്ങിയ താലിമാല കളഞ്ഞുപോയി. ഒടുവില്‍ ആശ്വാസമായത് ട്രാഫിക് പോലീസിന്റെ ഫോണ്‍കോള്‍ ആയിരുന്നു. ജോലിക്കിടയിലാണ് സിവില്‍ പോലീസ് ഓഫീസര്‍ ജിത്തിന്റെ ശ്രദ്ധയില്‍ ഒരു ബാഗ് വഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്. എടുത്തു നോക്കിയപ്പോഴാണ് ബാഗിനുള്ളില്‍ പുതുതായി വാങ്ങിയ താലിമാല ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ വിവരം ട്രാഫിക് സ്റ്റേഷനില്‍ അറിയിച്ചു. ഇതേസമയം, നവവധുവിനെ അണിയിക്കേണ്ട താലിമാല നഷ്ടപ്പെട്ട വേദനയില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു പ്രതിശ്രുത വരന് നീലീശ്വരം ചക്കുമലശേരില്‍ ജിനു. മാല സുരക്ഷിതമാണെന്നു ട്രാഫിക് പോലീസില്‍ നിന്ന് അറിയിച്ചതോടെ ജിനുവിന് സമാധാനമായത്.
ശനിയാഴ്ച ഉച്ചയോടെ അശ്വനി ജംഗ്ഷനിലാണു ബാഗ് കളഞ്ഞുപോയത്. അത്താണിയില്‍ ജോലി ചെയ്യുന്ന ജിനു മലയാറ്റൂരിലെ വീട്ടിലേക്കു ബൈക്കില്‍ പോകുകയായിരുന്നു. താലിമാലയും തിരിച്ചറിയല്‍ രേഖകളുമടങ്ങുന്ന ബാഗ് ബൈക്കിന്റെ പിന്നില്‍ കെട്ടിവച്ചിരുന്നു. പാലിയേക്കരയിലെ പെട്രോള്‍ പമ്പിലെത്തിയപ്പോഴാണു പിന്നില്‍ ബാഗ് ഇല്ലെന്നു അറിയുന്നത്.
സഞ്ചരിച്ച വഴിയിലൂടെ ബാഗ് തിരഞ്ഞുപോകുകയായിരുന്നു ജിനു. ഇതിനിടെയാണ് ഓഫീസര്‍ ബാഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. ബാഗിനുള്ളില്‍ കണ്ട ജിനുവിന്റെ സഹോദരന്റെ ഫോണ്‍ നമ്പറിലേക്കു വിളിച്ചാണ് പോലീസ് ആശ്വാസ വാര്‍ത്ത അറിയിച്ചത്. സ്റ്റേഷനിലെത്തി ജിത്തില്‍ നിന്നു ജിനു ബാഗ് കൈപ്പറ്റുകയും ചെയ്തു.