തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ഓരോ പാര്‍ട്ടികളും. സിനിമാമേഖലയില്‍ നിന്നും ഇതിനോടകം നിരവധി പേരാണ് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായെത്തിയത്. അതിനിടെ ഗായകന് ജി വേണുഗോപാല്‍ വട്ടയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയെ.
കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തെ വട്ടിയൂര്‍ കാവ് മണ്ഡലം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് നേതൃത്വം പൊതുസമ്മതരെ ആലോചിക്കുകയാണ്. നിലവില്‍ ഇവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പേര് ഗായകന് ജി. വേണുഗോപാലിന്റേതാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇത്തവണ വി.കെ പ്രശാന്ത് തന്നെ എത്തിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ മത്സര രംഗത്തിറക്കാനാണ് യു.ഡി.എഫിന്റെ ശ്രമം.
അതേസമയം എന്‍.ഡി.എ ആരെ രംഗത്തിറക്കുമെന്നതില് ഇപ്പോഴും അവ്യക്തതയുണ്ട്. കോളേജ് കാലത്തെ കെ.എസ്.യു ബന്ധം മുന്‍നിര്‍ത്തി വേണുഗോപാലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് ചില നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.
എന്നാല്‍ ഇക്കാര്യത്തില്‍ ജി. വേണുഗോപാലോ യു.ഡി.എഫ് നേതൃത്വമോ ഔദ്യോഗികമായി സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. അതിനിടെ, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എം.പി വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് ചില ബി.ജെ.പി നേതാക്കള്‍ സൂചിപ്പിക്കുന്നത്.