കൊച്ചി: കൈയ്യില്‍ പൈസയില്ലാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ ഗതിയില്ലാതെ വിശന്നിരിക്കുന്നവര്‍ നമുക്ക് ചുറ്റും ഒത്തിരിയുണ്ട്. എന്നാല്‍ ബില്ല് അടക്കാന്‍ കാശില്ലാത്തവര്‍ക്ക് വയറു നിറയെ ആഹാരം കഴിക്കാന്‍ ഒരിടമുണ്ട് എറണാകുളത്തെ തൃപ്പൂണിത്തുറയില്‍.
കപ്പൂച്ചിന്‍ വൈദികര്‍ നടത്തുന്ന കപ്പൂച്ചിന്‍ മെസ് ആണ് പണം നോക്കാതെ വിശക്കുന്നവര്‍ക്ക് ഭക്ഷണം വിളമ്പുന്നത്. ഇവിടെ നിന്നും വയറു നിറയെ ഭക്ഷണം കഴിക്കാം, പക്ഷേ ബില്ല് അടക്കാന്‍ ചെന്നാല്‍ കപ്പൂച്ചിന്‍ മെസില്‍ ബില്‍ കൗണ്ടര്‍ കാണില്ല.
ഒരു പഴയ തപാല്‍ ബോക്സുണ്ട് കപ്പൂച്ചിന്‍ മെസിന് പുറത്ത്. ഇഷ്ടമുള്ള തുക അതില്‍ ഇടാം. കയ്യില്‍ പണമില്ലെങ്കില്‍ അതും നിര്‍ബന്ധം ഇല്ല. കാശില്ലാത്തിന്റെ പേരില്‍ ഒരാള്‍ പോലും പട്ടിണിയാവരുതെന്ന ചിന്തയില്‍ നിന്നാണ് കപ്പൂച്ചിന്‍ മെസിന്റെ പിറവി.
ആശ്രമത്തിലെ അന്തേവാസികളും വൈദികരുമാണ് മെസിന്റെ നടത്തിപ്പുകാര്‍. പ്രഭാതഭക്ഷണത്തിന് 25 രൂപയും ഉച്ചഭക്ഷണത്തിന് 40 രൂപയും ചായയ്ക്കും ചെറുകടികള്‍ക്കുമായി 10 രൂപയുമാണ് വിലവിവരം. വീട്ടിലെ ഭക്ഷണത്തിന്റെ രുചി തേടി എത്തുന്നവരാണ് ഏറെയും. ഭക്ഷണത്തിന്റെ നിലവാരം കൊണ്ട് പലരും പതിവുകാരുമായിട്ടുണ്ട്.