കണ്ണൂര്‍: ടിവിയില്‍ മാത്രം കണ്ടിരുന്ന രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കണ്ണൂരിലെ കെകെ അജിത്തും ഭാര്യ രമ്യയും. എസ്ടി വിഭാഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുക ഇവരാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരോടൊത്തു പ്രത്യേക വിരുന്നിലും പങ്കെടുക്കും.
ജില്ലയില്‍ നിന്ന് ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ദമ്പതികള്‍ക്ക് ക്ഷണം ലഭിക്കുന്നത്. 2020 സെപ്റ്റംബര്‍ 10നായിരുന്നു അജിത്തിന്റെയും ആറളം ഫാം സ്വദേശി രമ്യയുടെയും വിവാഹം നടന്നത്. ഇരിട്ടി പ്രീമെട്രിക് ഹോസ്റ്റലിലെ വാച്ച്മാനാണ് 28 കാരനായ അജിത്ത്. 2 വര്‍ഷം മുന്‍പാണു അജിത്തിന് താല്‍ക്കാലിക നിയമനം ലഭിച്ചത്.
ഇന്നലെ രാത്രി കണ്ണൂരില്‍ നിന്നു ഇരുവരും തിരുവനന്തപുരത്തേക്കു തിരിച്ചു. കേരള സംഘത്തോടൊപ്പം ഇരുവരും ചേരും. 21നു വിമാനത്തില്‍ ഡല്‍ഹിയിലേക്കു പോകും. കേരള സംഘം പാര്‍ലമെന്റ് ഹൗസ്, ആഗ്ര, മഥുര, രാജ്ഘട്ട് തുടങ്ങിയവ സന്ദര്‍ശിക്കും. സര്‍ക്കാരിന്റെ വിവിധ പരിപാടികളിലും പങ്കെടുക്കും. ഫെബ്രുവരി 2നു ഡല്‍ഹിയില്‍ നിന്നു മടങ്ങുകയും ചെയ്യും.