ചെങ്ങന്നൂര്‍: 11 കെ.വി ലൈനില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പത്തനംതിട്ടയിലെ ചെങ്ങന്നൂരിലാണ് സംഭവം. പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെ എത്തുന്നതിനായാണ് 42കാരന് വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
സംഭവം പ്രദേശത്തെ മുള്‍മുനയിലാക്കി. ചെങ്ങന്നൂര്‍ മുളക്കുഴ ഗ്രാമപഞ്ചായത്ത് അറന്തക്കാട് 11ാം വാര്‍ഡ് കൊഴുവല്ലൂര്‍ തലക്കുളഞ്ഞിയില്‍ വീട്ടില്‍ സുധാകരനാണ് വൈദ്യുതി പോസ്റ്റില്‍ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
കൊഴുവല്ലൂര്‍-അറന്തക്കാട് റോഡരികിലുള്ള വീടിന് മുന്നിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിലെ വൈദ്യുതി പോസ്റ്റിന് മുകളിലാണ് മരംവെട്ട് തൊഴിലാളിയായ സുധാകരന് കയറിയത്. തന്നോട് പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെ വന്നില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന സുധാകരന് പറഞ്ഞു.
ഇതുകണ്ട നാട്ടുകാര്‍ സുധാകരനെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടന്‍ തന്നെ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.