കുതിരാന്‍: മലയില്‍നിന്ന് പാറ കല്ല് വീണ് കുതിരാനില്‍ ദ്വാരം. ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ കിഴക്കുഭാഗത്തായാണ് കല്ല് വീണ് കോണ്‍ക്രീറ്റ് കവാടത്തില്‍ ദ്വാരം വീണത്. തുരങ്കമുഖത്ത് സുരക്ഷാഭീഷണിയുള്ള പാറക്കല്ലും മണ്ണും നീക്കുന്ന പണി നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് ആയിരുന്നു കുതിരാനില്‍ പാറക്കല്ല് പതിച്ചത്. നൂറടിയോളം ഉയരത്തില്‍നിന്നാണ് കല്ല് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തുരങ്കത്തിനു വെളിയില്‍ നിര്‍മിച്ചിട്ടുള്ള കമാനാകൃതിയിലുള്ള കോണ്‍ക്രീറ്റ് കവാടത്തില്‍ ഒന്നരമീറ്റര്‍ വ്യാസമുള്ള തുളയാണുണ്ടായത്.
സംഭവം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. കുതിരാനില്‍ വാഹനാപകടങ്ങളും പതിവായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായത്. കുതിരാന്‍ മലയെ തുരന്നുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 920 മീറ്ററാണ് നീളമാണ് തുരങ്കത്തിന്.
തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്.