കണ്ണൂര്‍: അമ്മയേയും മകളേയും ദുരൂഹസാഹചര്യത്തില്‍ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പുലിക്കുരുമ്പയിലാണ് സംഭവം. പുല്ലംവനത്തെ മനോജിന്റെ ഭാര്യ സജിത, എട്ടു വയസുള്ള മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സജിതയെയും മകളെയും വൈകിട്ട് ആറ് മണിയോടെയാണ് വീടിനുളളിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് വയസ്സുകാരിയായ മകളെ കുളിമുറിക്കുളളിലെ ടാപ്പില്‍ കെട്ടിത്തൂക്കിയ നിലയിലും അമ്മയെ സമീപത്ത് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മൂത്ത മകനെ ഐസ്ക്രീം വാങ്ങാനായി കടയില്‍ പറഞ്ഞയച്ച ശേഷമാണ് സംഭവം നടന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം സജിത ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് ഭര്‍ത്താവ് മനോജ് ഒരു കിലോമീറ്റര്‍ അകലെ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു.
കടയില്‍ പോയ് മകന് തിരിച്ചെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതായി കണ്ടു. തുടര്‍ന്ന് മനോജിനെ വിളിച്ചു വരുത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പും കുടിയാന്മല പോലീസ് വീടിനുളളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.