കൊച്ചി: കൊവിഡ് വാക്സീന് സ്വീകരിച്ചതിന്റെ അനുഭവം പങ്കുവെച്ച് പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ജോസ് ചാക്കോ പെരിയപ്പുറം. എറണാകുളം ഗവണ്മെന്റ് ആശുപത്രിയില്‍ നിന്നും ആദ്യ കൊവിഡ് വാക്സീന് സ്വീകരിച്ചത് ഡോ.ജോസ് ചാക്കോയാണ്.
കോവിഡ് വാക്സീന് കുത്തിവെപ്പ് സുഖകരമായ അനുഭവമായിരുന്നു എന്നാണ് ഡോ.ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിച്ചത്. കുത്തിവെപ്പ് സ്വീകരിക്കുമ്പോള്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ലെന്നും വളരെ പരിശീലനം ലഭിച്ച നഴ്സിങ് സ്റ്റാഫാണ് കുത്തിവെപ്പ് എടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘കോവിഡ് വാക്സിന് കുത്തിവെക്കാന്‍ ഉപയോഗിക്കുന്നത് വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്കു കയറുന്നതു പോലും അറിയുന്നില്ല. സുഖകരമായ അനുഭവമാണ് ‘, ഡോ.ജോസ് ചാക്കോ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇന്നുമുതലാണ് കോവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിച്ചത്.
ആദ്യ കോവിഡ് വാക്സീനുകള്‍ എടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അത് വളരെ മികച്ച തീരുമാനമായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യമായി വാക്സീന് സ്വീകരിച്ച ശേഷമായിരുന്നു പ്രതികരണം.
ആദ്യ അരമണിക്കൂറിനുള്ളില്‍ ഏഴു പേര്‍ക്കാണ് ഇവിടെ വാക്സിന് നല്‍കിയത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലായാണ് ആദ്യഘട്ട വാക്സീന് വിതരണം നടക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റ് കേന്ദ്രങ്ങളിലേക്കും വാക്സിനേഷന് വ്യാപിപ്പിക്കും.
125 സ്വകാര്യ ആശുപത്രികളിലും 129 സര്‍ക്കാര്‍ ആശുപത്രികളിലുമായി 260 കേന്ദ്രങ്ങളിലായാണ് ജില്ലയില്‍ വാക്സീന് കുത്തിവെപ്പ് നടക്കുക.