കോട്ടയം: കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ ഡിവൈന്‍ ധ്യാനകേന്ദ്രം സ്ഥാപകനും ധ്യാനഗുരുവുമായ ഫാ മാത്യു നായ്ക്കംപറമ്പില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ഫാ മാത്യു നായ്ക്കംപറമ്പില്‍ നേരിടേണ്ടി വന്നത്.
ഇതിന് പിന്നാലെ സിസ്റ്റര്‍ അഭയയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫാ മാത്യു നായ്ക്കംപറമ്പില്‍. ഒരു വാട്സ്ആപ്പ് ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെ വ്യക്തിപരമായി നടത്തിയ പരാമര്‍ശങ്ങളാണിതെന്നായിരുന്നു ധ്യാനഗുരുവിന്റെ പ്രതികരണം.
‘കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും വേദനയും അസ്വസ്ഥതയും ഉണ്ടാക്കി എന്ന് മനസിലാക്കുന്നു. അതേക്കുറിച്ച് ഞാന്‍ ഖേദിക്കുകയും എന്റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകള്‍ക്ക് സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമചോദിക്കുകയും പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്നു’.- ധ്യാനഗുരു പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സിസ്റ്റര്‍ അഭയയെ കടുത്ത ഭാഷയില്‍ വ്യക്തിഹത്യ ചെയ്തു കൊണ്ടുള്ള ധ്യാനഗുരുവിന്റെ വീഡിയോ വൈറലായത്. സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ലെന്നും അഭയ ആത്മഹത്യ ചെയ്തതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നുമായിരുന്നു വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
ചെറുപ്പത്തില്‍ തന്നെ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയ. അതിനാല്‍ പുരുഷന്മാരെ കാണുമ്പോള്‍ പേടിയായിരുന്നെന്നും അഭയയുടെ ആത്മാവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
‘അടുത്ത ദിവസങ്ങളില്‍ ഒരു വാട്സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല.
ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല് ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായി.’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.