കണ്ണൂര്‍: നിര്‍ദ്ദിഷ്ട ദേശീയപാതാ ബൈപ്പാസ് അളവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാരുടെ ഭീഷണി. പ്രതിഷേധക്കാരില്‍ ഒരാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി തുരുത്തിയിലാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നടപടികളുമായി മുന്നോട്ടു പോകുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വേളാപുരം -പാപ്പിനിശ്ശേരി നിര്‍ദ്ദിഷ്ട ദേശീയപാതാ ബൈപ്പാസിലെ തുരുത്തിയില്‍ അലൈന്മെന്റില് അപാകതകളുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ഏറെക്കാലമായി സമരത്തിലാണ്.
സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്നാണ് 28 ഓളം കുടുംബങ്ങളുടെ ആരോപണം. ഇതേ തുടര്‍ന്ന് ഇവര്‍ സമ്മത പത്രത്തില്‍ ഒപ്പിട്ട് നല്‍കിയിരുന്നില്ല. ഇതിനിടയിലാണ് ഭൂമിയുടേയും വീടുകളുടേയും വില നിശ്ചയിക്കുന്നതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുരുത്തിയിലെത്തിയത്.
എന്നാല്‍ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞു. പ്രതിഷേധമറിയിച്ച് നിരവധി പേര് രംഗത്തെത്തി. ഇതിനിടെയാണ് പ്രതിഷേധക്കാരില്‍ ഒരാളായ രാഹുല്‍ ദേഹത്ത് പെട്രാള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.