പത്തനംതിട്ട: പ്രതിസന്ധികളില്‍ അകപ്പെട്ടപ്പോഴെല്ലാം പത്തനംതിട്ടയെ തളരാതെ ചേര്‍ത്തുപിടിച്ച കളക്ടര്‍ പിബി നൂഹ് ആ നാട്ടുകാര്‍ക്ക് മാത്രമല്ല കേരളക്കരയ്ക്ക് ഒന്നടങ്കം പ്രിയങ്കരനാണ്. ‘ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാര്‍’- ബുധനാഴ്ച രാത്രി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ വന്നു നിറഞ്ഞ സന്ദേശങ്ങളിലേറെയും ഈ വാക്കുകളായിരുന്നു.
ഈ വാക്കുകളില്‍ നിന്നും അദ്ദേഹം എത്രത്തോളം നാടിന് പ്രിയപ്പെട്ടവാനായിരുന്നെന്നത് വ്യക്തമാണ്. പ്രതിസന്ധികളില്‍ നാടുഴലുമ്പോഴെല്ലാം സാന്ത്വനവും കരുത്തും പകര്‍ന്ന വ്യക്തിത്വത്തിനോടുള്ള ആദരവും സ്നേഹവുമായിരുന്നു ഈ അക്ഷരങ്ങളില്‍ തെളിഞ്ഞത്.
സഹകരണ രജിസ്ട്രാര്‍ എന്ന പദവിയിലാണ് ഇനി ഇദ്ദേഹത്തിന്റെ തുടര്‍ദൗത്യം. 2018 ജൂണ്‍ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്. പ്രളയവും കൊറോണയുമെല്ലാം വന്നപ്പോഴും നാടിന് കരുത്ത് നല്കി പിബി നൂഹ് മുന്നില്‍ തന്നെയുണ്ടായിരുന്നു.
എല്ലായിടത്തും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് കൃത്യമായ സഹായമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ ദൃശ്യങ്ങള്‍ അന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ശബരിമല യുവതീപ്രവേശനവിഷയത്തില്‍ പ്രതിഷേധം പലയിടത്തും ആളിക്കത്തിയപ്പോഴും കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ നിരന്തരശ്രദ്ധ പുലര്‍ത്തി. ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയില്‍ നാടൊന്നടങ്കം ഞെട്ടിയിരുന്നു.
രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്ത് പി.ബി.നൂഹ് മുന്നില്‍ നിന്നു. ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നല്കിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നല്കി.
പതിയെ ആശങ്ക വഴിമാറി. ഈ സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇദ്ദേഹത്തെ പേരെടുത്തുപറഞ്ഞ് പ്രശംസിച്ചു. കോന്നിയില്‍ ആദിവാസി കോളനിയിലേക്ക് ആഹാരസാധനങ്ങള്‍ ചുമന്നെത്തിക്കാനും ജില്ലാ കളക്ടര്‍ മുന്നില്‍ നിന്നത് കേരളമാകെ ‘വൈറലായി’. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും ഇദ്ദേഹം പരിശ്രമിച്ചു.
മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനായി വ്യാഴാഴ്ച ഇദ്ദേഹം ശബരിമലയിലുമെത്തും. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടര്‍. പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
Thanks,
Beloved Pathanamthitta.Posted by District Collector Pathanamthitta on Wednesday, January 13, 2021