ചിറ്റൂര്‍: ജോലിക്കായുള്ള അഭിമുഖത്തിനെത്തിയവരെ കാത്തിരുന്നത് മണ്‍വെട്ടിയും പാരയും കൊടുവാളും കുട്ടയുമെല്ലാം. കഴിഞ്ഞ ഒരാഴ്ചയായി എരുത്തേമ്പതി ഐഎസ്ഡി ഫാമില്‍ നടക്കുന്ന സ്ഥിരം തൊഴിലാളികളുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ചയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായത്.
അഭിമുഖത്തിനെത്തിയവരോട് കുഴിയെടുക്കാനും കാടുവെട്ടി തെളിക്കാനും തെങ്ങുകയറാനും പറഞ്ഞപ്പോള്‍ പലരും മുഖത്തോടു മുഖം നോക്കി. അനുവദിച്ച സമയത്തിനുള്ളില്‍ ചെയ്യണമെന്ന നിര്‍ദേശം കൂടി ലഭിച്ചതോടെ ജോലിയെന്ന ലക്ഷ്യത്തിലെത്താനുള്ള കഴിവ് പ്രകടിപ്പിക്കലായി.
എംപ്ലോയ്മെന്റ് മുഖേനയാണ് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. 60 ഒഴിവുകളിലേക്കായി 515 പേര്‍ക്ക് കത്തയച്ചു. 492 ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വനിതകള്‍ക്ക് 43 ഒഴിവുകളും പുരുഷന്മാര്ക്ക് 17 ഒഴിവുകളുമാണുള്ളത്.
കായിക ക്ഷമത പരിശോധനയ്ക്കായി 4 ഇനങ്ങളാണ് ഉണ്ടായിരുന്നത്. പുരുഷന്മാര്ക്ക് 10 മിനിറ്റിനുള്ളില്‍ നിശ്ചിത അളവില്‍ വാഴക്കുഴിയെടുക്കല്‍, തെങ്ങിനു തടമെടുക്കല്‍, കാടുവെട്ടിത്തെളിക്കല്‍, തെങ്ങുകയറ്റം എന്നിവ. സ്ത്രീകള്‍ക്ക് ആദ്യ 3 ഇനങ്ങളും തെങ്ങു കയറ്റത്തിനു പകരം കുട്ടയില്‍ മണ്ണ് ചുമക്കല്‍.
നിരീക്ഷിക്കാനും മാര്‍ക്കിടാനുമായി ഓരോ വിഭാഗത്തിനും 3 പേര് അടങ്ങുന്ന കൃഷി ഉദ്യോഗസ്ഥരുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി.സുരേഷ്ബാബു, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ പി.പി.ഉമ്മുല്‍സല്‍മ, എസ്.നൂറുദീന്‍, ടി.സുശീല, പി.ആര്.ഷീല, ഫാം സൂപ്രണ്ട് എസ്.ആറുമുഖപ്രസാദ് എന്നിവര്‍ കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്കി.