തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കോവിഡ് ഭീതി വര്‍ധിക്കുകയാണ്. അതി തീവ്ര വൈറസ് സംസ്ഥാനത്തും കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്.
പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും.
നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും മാസ്ക്, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്നാണ് മുന്നറിയിപ്പ്.
അതീതീവ്ര വ്യാപനശേഷിയുള്ള വൈറസ് ഒരുപാടുപേരിലേക്കെത്തിയാല്‍ പ്രതിരോധമാകെ പാളുമെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവെക്കുന്നു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ചെറുതാണെങ്കിലും വൈറല്‍ ലോഡും വ്യാപനശേഷിയും കൂടുതലുള്ള വൈറസ് പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല.
സമൂഹത്തില്‍ പുതിയ വൈറസ് ഇല്ലെന്ന് ഉറപ്പാക്കാന്‍ റാന്‍ഡം പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശവുമുണ്ട്. വൈറസ് സ്ഥിരീകരിച്ച ജില്ലകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയില്‍നിന്ന് തിരിച്ചെത്തിയവര്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഒമ്പതാം തീയതി മുതല്‍ കേരളത്തിലെത്തിയ 1600പേരെ പിസിആര്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. വിദേശത്തുനിന്നെത്തിയവരില്‍ മാത്രമല്ല തദ്ദേശീയമായി രോഗം പിടിപെട്ടവരുടെ സ്രവവും പുനൈ വൈറോളജി ലാബില്‍ പരിശോധിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം.