വയനാട്: പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് വയനാട്ടിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കി പോലീസ്. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. ജില്ലയിലെ റിസോര്‍ട്ടുകള്‍ക്ക് നേരത്തെ നോട്ടീസ് നല്കി ഇക്കാര്യങ്ങള്‍ അറിയിച്ചതായി ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.
വാഗമണില്‍ നടന്ന നിശാപാര്‍ട്ടിയുടെ പശ്ചാത്തലത്തിലാണ് പുതുവത്സരാഘോഷത്തിന് മുന്നോടിയായി വയനാട്ടിലും പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. എല്ലാ റിസോര്‍ട്ടുകള്‍ക്കും ഇതിനോടകം നോട്ടീസ് നല്കി കഴിഞ്ഞിട്ടുണ്ട്.
പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടികള്‍ മുന്‍കൂട്ടി പോലീസിനെ അറിയിക്കണമെന്നും പാര്‍ട്ടിയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇന്ന് മുതല്‍ ജില്ലയുടെ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കുമെന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളെ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അതിര്‍ത്തി കടത്തി വിടുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.