മാനന്തവാടി: തിരുനെല്ലിക്കു പുറമേ തവിഞ്ഞാലിലും വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. വാളാട് തോളക്കര കല്ലുമൊട്ടമ്മല്‍ മോഹനന്റെ പശുവിനെ കടുവ കൊന്നു. ഇതിനു പിന്നാലെ വാളാട് ഇല്ലത്തുമൂലയില്‍ വനത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലിറങ്ങിയ കാട്ടുപോത്തിനെയും കടുവ കൊന്നു തിന്നു.
രണ്ടര വയസ്സുള്ള പശുവിനെ കൊന്ന സ്ഥലത്തു നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് കാട്ടുപോത്തിന്റെ ജഡം കണ്ടത്. മാംസം പകുതി ഭക്ഷിച്ച നിലയിലായിരുന്നു. പേരിയ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്എന്രാജേഷിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തു പരിശോധന നടത്തി. കടുവയുടെ സാന്നിധ്യം ഉറപ്പായതിനാല്‍ നാട്ടുകാരോട് ജാഗ്രത പുലര്‍ത്താന്‍ വനപാലകര്‍ നിര്‍ദേശിച്ചു.
അതേസമയം കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് ഏഴ് ക്യാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞു. വനപാലകര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നിരീക്ഷിച്ചു വരികയാണ്. പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കണ്ട കാല്പാടുകള് കടുവയുടേതാണെന്നു വ്യക്തമായിട്ടുണ്ട്. അതേസമയം കടുവ കൊന്ന പശുവിന്റെ ഉടമയ്ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് പേരിയ റേഞ്ച് ഓഫിസര്‍ എംകെ രാജീവ് കുമാര്‍ പറഞ്ഞത്.