കായംകുളം: നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ദേശീയ പാതയില്‍ കരീലക്കുളങ്ങരക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്. ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. ബാക്കിയുള്ളവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രയാര്‍ എസ്എസ് ഭവനത്തില്‍ ശ്യാമി (38) നാണു പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു അപകടം സംഭവിച്ചത്. അപകടത്തില്‍ നാലു വാഹനങ്ങള്‍ തകര്‍ന്നു. കായംകുളം ഭാഗത്തേക്കു വന്ന രണ്ടു ലോറികളും ഒരു കാറും ഒരു മിനി വാനുമാണ് അപകടത്തില്‍പ്പെട്ടത്.
കരീലക്കുളങ്ങര ജംക്ഷനു സമീപം ദേശീയപാതയോരത്ത് സിമന്റ് കയറ്റിവന്ന ലോറിയുടെ പിന്നില്‍ കാറും അതിനു പിന്നില്‍ പിക്ക്പ് വാനും നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിത വേഗതയില്‍ മണല്‍ കയറ്റി വന്ന ടിപ്പര്‍ ലോറി ഏറ്റവും പിന്നില്‍ കിടന്ന വാനിനെ ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ വാന്‍ മുന്നില്‍ കിടന്ന കാറിനെ നിരക്കി നീക്കി സിമന്റ് കയറ്റി വന്ന ലോറിയിലേക്ക് ഇടിച്ച് കയറ്റി. കൂട്ട ഇടിയുടെ ശബ്ദം കേട്ട് ആദ്യം എത്തിയ സമീപവാസികളും അഗ്നിരക്ഷസേനയും ഇആര്‍ടി അംഗങ്ങളായ അനസ്, നാദിര്‍ഷ, നിസാം എന്നിവരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.