പന്തല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങള്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി. അതിര്‍ത്തി പ്രദേശങ്ങളായ അത്തിക്കുന്ന്, അത്തിമാനഗര്, റിച്ച് മൗണ്ട്, കാപ്പിക്കാട്, പുളിയം വയല്‍ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായെത്തുകയാണ്. സന്ധ്യ മയങ്ങിയാല്‍ കാട്ടാനകള്‍ ഗ്രാമത്തിലേക്ക് ഇറങ്ങുന്നതിനാല്‍ പ്രദേശവാസികള്‍ നേരത്തെ തന്നെ വീട്ടില്‍ കയറേണ്ട അവസ്ഥയിലാണ്.
നിലമ്പൂര്‍ മുതുമല വനങ്ങളില്‍ നിന്നാണ് കാട്ടാനകള്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക് ഇറങ്ങുന്നത്. കൃഷിയിടങ്ങള്‍ നശിപ്പിച്ച് നേരം പുലരുമ്പോള്‍ മാത്രമാണ് ഇവ തിരിച്ച് കാട്ടിലേക്ക് കയറുന്നത്. നാടുകാണി മുതല്‍ ചേരമ്പാടി വരെയുള്ള സംസ്ഥാന പാതയില്‍ രാത്രി ആയാല്‍ കാട്ടാന ഇറങ്ങുന്നത് പതിവാണ്. ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഇതു വഴിയുള്ള രാത്രി സഞ്ചാരം ഒഴിവാക്കണമെന്നാണ് വനപാലകര്‍ അറിയിച്ചത്. കാട്ടാനയിറങ്ങുന്ന പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വനപാലകര്‍ അറിയിച്ചു.
അതേസമയം കൊളപ്പള്ളിയിലും, കണ്ണന് വയലിലും മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കൊലയാളി കാട്ടാനയെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് വനപാലകര്‍. കാട്ടാന നിലമ്പൂര്‍ ഉള്‍വനത്തിലേക്ക് കടന്നതായാണ് ഹെലിക്യാം ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കൊലയാളി കാട്ടാനയെ പിടികൂടാനുള്ള ദൗത്യ സംഘം ചപ്പുതോട്, കൊളപ്പള്ളി ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മറ്റ് ഇടങ്ങളില്‍ കാട്ടാനയിറങ്ങുന്നതു ശ്രദ്ധിക്കാനും കഴിയുന്നില്ല.