പാലക്കാട്: പാലക്കാട് നഗരസഭ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ ബാനറുയര്‍ത്തിയ സംഭവത്തില്‍ കേരളത്തില്‍ ജനരോഷം പുകയുകയാണ്. അതിനിടെ സംഭവത്തില്‍ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്.
തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചത്. അതൊരു പാതകമല്ല. ശ്രീരാമന് എന്ന പ്രതീകത്തെ ജാതിമത ഭേതമന്യേ എല്ലാവരും അംഗീകരിക്കുന്നതാണെന്നും മുരളീധരന് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി മുരളീധരന്.
‘ജയ് ശ്രീറാം’ വിളിക്കുന്നത് കുറ്റകരമാണെന്ന് ആരും പറഞ്ഞിട്ടില്ല. വിജയാഹ്ലാദത്തിന്റെ ഭാഗമായി ജയ് ശ്രീറാം വിളിക്കുന്നതില്‍ എന്ത് പാതകമാണെന്നും അദ്ദേഹം ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസമാണ് പാലക്കാട് നഗരസഭയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയത്.
വിഷയത്തില്‍ പ്രതിഷേധമുര്ത്തി സിപിഐഎമ്മും കോണ്‍ഗ്രസുമുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയുരുന്നു. മാത്രമല്ല നഗരസഭ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
അതേസമയം ബിജെപി പ്രവര്‍ത്തകരുടെ പ്രകടനത്തെ പിന്തുണച്ച് കൊണ്ട് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.