പയ്യന്നൂര്‍: കത്തി മൂര്‍ച്ച കൂട്ടുന്ന തൊഴിലുമായി അലയുന്ന കായിക താരം പ്രാന്തംചാലിലെ എം മുത്തുരാജിന് സുമനസ്സുകളുടെ സഹാസ ഹസ്തങ്ങള്‍. 10ാം ക്ലാസ് വിദ്യാര്‍ഥിയായ മുത്തുരാജ് കൊവിഡ് കാലത്തു കുടുംബം പുലര്‍ത്താനാണ് ഈ തൊഴിലിലേക്ക് ഇറങ്ങിയത്. നടന്ന് സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ് മുത്തുരാജ്.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ ദക്ഷിണേന്ത്യന്‍ സ്കൂള്‍ കായികമേളയിലാണ്, 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ മുത്തുരാജ് സ്വര്‍ണ്ണമെഡല്‍ നേടിയത്. വീട്ടുപകരണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടി നല്കി അതില്‍ നിന്നു ലഭിക്കുന്ന ചെറിയ തുകയാണു കുടുംബത്തിനുള്ള ഏക ആശ്വാസമായി ഉണ്ടായിരുന്നത്. എളയാവൂര് സിഎച്ച്എംഎച്ച് സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മുത്തുരാജ്. പ്രാന്തംചാലിലെ എന്‍ ശേഖരന് വള്ളിയമ്മ ദമ്പതികളുടെ നാലാമത്തെ മകനാണ് മുത്തുരാജ്.
അമ്മ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലാണ്. പഴയ സാമഗ്രികള്‍ ശേഖരിച്ചു വില്പന നടത്തുന്ന തൊഴിലാണ് അച്ഛന് ശേഖരന്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയായതോടെ തന്നാലാകും വിധം കുടുംബത്തെ സഹായിക്കാനായി മുത്തുരാജും ജോലിക്കായി ഇറങ്ങുകയായിരുന്നു.
മുത്തുരാജിന്റെ ജീവിതം വാര്‍ത്തയായതോടെ പയ്യന്നൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. സുജ വിനോദ് പ്രതിമാസം ഈ കുടുംബത്തിന് 1000 രൂപ വീതം നല്കാന് തയാറായി രംഗത്തെത്തി. മിഡ് ടൗണ്‍ റോട്ടറി ക്ലബും അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രസിഡന്റ് എസ്.സൈനുദ്ദീന്‍ അറിയിച്ചു.