എഴുകോണ്‍: ബ്രേക്ക് നഷ്ടപ്പെട്ട് പാഞ്ഞെത്തിയ സ്കൂട്ടര്‍ പിടിച്ചു നിര്‍ത്തി വലിയ അപകടം ഒഴിവാക്കി പോലീസ് ഉദ്യോഗസ്ഥന്റെ ധീരത. കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള മൂന്നംഗ കുടുംബത്തിനാണ് പോലീസ് ഉദ്യോഗസ്ഥന് രക്ഷകനായി എത്തിയത്.
എഴുകോണ്‍ സ്റ്റേഷനിലെ സിപിഒ ബിനില്‍ മോഹനാണ് താരം. വോട്ടെണ്ണല്‍ ദിനമായ 16ന് പകല്‍ 11.39ന് ചീരന്കാവിലായിരുന്നു സംഭവം. പുത്തൂര്‍ റോഡിലെ ഇറക്കത്തില്‍ നിന്ന് ദേശീയ പാതയിലേക്ക് നിയന്ത്രണം വിട്ടെത്തിയ സ്കൂട്ടറാണ് ഇവിടെ പോയിന്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ബിനില്‍ മോഹന്‍ രണ്ടും കല്‍പ്പിച്ച് പിടിച്ചു നിര്‍ത്തുകയായിരുന്നു.
സ്കൂട്ടറിന്റെ വരവ് കണ്ട് പന്തികേടു തോന്നിയ ബിനില്‍ ആദ്യം ദേശീയ പാതയിലെ വാഹനങ്ങള്‍ കൈ കാണിച്ചു നിര്‍ത്തി. പിന്നീട് സ്കൂട്ടറിനു മുന്നിലേക്കു പാഞ്ഞെത്തി ഹാന്‍ഡിലില്‍ പിടുത്തമിടുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതിനാലും ഇറക്കം ഇറങ്ങി വന്നതിനാലും വേഗത്തിലായിരുന്ന സ്കൂട്ടര്‍ ബിനിലിനെയും വലിച്ചുകൊണ്ടു മുന്നോട്ടു പാഞ്ഞു. കുറച്ചു ദൂരം ഓടിയ ശേഷമാണ് സ്കൂട്ടര്‍ നിര്‍ത്താനായത്. അപ്പോഴേക്കും കണ്ടു നിന്നവരും ഓടിയെത്തി. അപകടത്തില്‍ നിന്ന് കരകയറിയത് ശേഷം, കുടുംബം സ്കൂട്ടര്‍ ഉരുട്ടിയാണ് കടന്നു പോയത്.
അപ്പോഴത്തെ തിരക്കില്‍ പേരും വിവരങ്ങളും ചോദിക്കാന്‍ സാധിച്ചില്ലെന്നു ബിനില്‍ പറഞ്ഞു. സ്വന്തം ജീവന് പണയപ്പെടുത്തി ഒരു കുടുംബത്തെ രക്ഷിച്ച ബിനില്‍ മോഹനെ എഴുകോണ്‍ ഇന്‍സ്പെക്ടര്‍ ശിവപ്രകാശിന്റെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.