ധര്‍മടം: ചിറക്കുനി ബസാറില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം 5 ന് തന്നെ പോലീസ് നിര്‍ത്തി വെവയ്പ്പിച്ചതില് പ്രതിഷേധിച്ച് പോലീസ് വാഹനത്തിനു മുന്പില് കുത്തിയിരിപ്പ് പ്രതിഷേധം നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി.
നേതാക്കളും സ്ഥാനാര്‍ത്ഥികളും പോലീസുമായി വാക്കേറ്റവുമുണ്ടായി. ഒരു എഎസ്ഐയുടെ നേതൃത്വത്തില്‍ 5 ന് പ്രചാരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അതനുസരിച്ച് തങ്ങള്‍ ബാന്‍ഡ് സെറ്റുള്പ്പെടെയുള്ളവരെ പറഞ്ഞയച്ചുവെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഇതിനു ശേഷം എല്‍ഡിഎഫ് പ്രകടനം ഇതുവഴി കടന്നുപോയതോടെ യുഡിഎഫ് 7ാം വാര്‍ഡ് സ്ഥാനാര്‍ഥി പിടി സനല്‍കുമാര്‍ പോലീസ് ജീപ്പിനു മുന്പില് കുത്തിയിരുന്നു.
മറ്റു നേതാക്കളും സ്ഥാനാര്‍ത്ഥികളും എത്തി വാക്കുതര്‍ക്കമായതോടെ വിവരമറിഞ്ഞു പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി സ്ഥലത്ത് എത്തി. ആശയവിനിമയത്തില്‍ വന്ന അപാകതയാണെന്നും 6 വരെ പ്രചാരണം നടത്താമെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചതോടെയാണ് പ്രശ്നം പരിഹരിക്കാനായത്.