തൃശൂര്‍: പ്രശസ്ത ചുമര് ചിത്രകാരനായ കെകെ വാരിയര്‍ (84) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചുമര്ചിത്രകലാരംഗത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ കെകെ വാരിയര്‍ 1976 ല്‍ ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിനു ചുറ്റുമുള്ള ചുമര്‍ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുകയും ഒരു വശത്തെ ചിത്രങ്ങള്‍ പുനര്‍രചിക്കുകയും ചെയ്തു. 1979ല്‍ രുക്മിണി കല്യാണമണ്ഡപത്തില്‍ രുക്മിണി സ്വയംവരം കഥ ചിത്രീകരിച്ചാണു വാരിയര്‍ ഗുരുവായൂരില്‍ ചുമര്‍ചിത്രരചന ആരംഭിച്ചത്.
39 വര്‍ഷം ചിത്രകലാധ്യാപകനായിരുന്നു ഇദ്ദേഹം. മൂന്ന് തവണ കേരള ലളിതകലാ അക്കാദമി പുരസ്കാരം,
ദേശീയ അധ്യാപക പുരസ്കാരം, കേന്ദ്രസര്‍ക്കാര്‍ സീനിയര്‍ ഫെലോഷിപ്, ലളിതകലാ പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം, വര്‍ണകുലപതി, കലാപ്രവീണ്‍ പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. ഒന്‍പതു ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രങ്ങള്‍ പുനരാലേഖനമായും പുതുതായും രചിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്ത്യന്‍ സ്കൂള്‍ ഓഫ് ആര്‍ട്സ്, ഗുരുവായൂരില്‍ ചിത്രഗേഹം എന്നീ കലാസ്ഥാപനങ്ങളുടെ സ്ഥാപകനാണ്.