മുണ്ടൂര്‍: മാഹിയില്‍ നിന്നും ചരക്കുലോറിയില്‍ മദ്യം കടത്തിയ 2 പേര് പിടിയില്‍. എഴക്കാട് വടക്കേകളം പൊട്ടിരായില്‍ വിപിന്‍ (30), കല്ലടിക്കോട് ചുങ്കം കണ്ണനാട് വീട്ടില്‍ ബിജു (39) എന്നിവരാണു പിടിയിലായത്. 60 കുപ്പികളിലായി 44 ലീറ്റര്‍ മദ്യമാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
എക്സൈസ് പാലക്കാട് ഐബിയും പറളി റേഞ്ചും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജു മാഹിയിലെ ബവ്റിജസ് ജീവനക്കാരന് ആണ്. ലോറി ഡ്രൈവറായ വിപിന്‍ ചരക്കു കൊണ്ടുപോയി തിരികെ വരുമ്പോള്‍ മാഹിയില്‍ നിന്നു സ്ഥിരമായി മദ്യം കടത്താറുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനു ബിജുവിന്റെ സഹായം ലഭിച്ചിരുന്നു. ഇങ്ങനെ കൊണ്ടുവരുന്ന മദ്യം മുണ്ടൂര്‍, കല്ലടിക്കോട്, കോങ്ങാട്, പറളി ഭാഗങ്ങളില്‍ വില്‍ക്കുകയാണു പതിവ്. വാങ്ങിയതിന്റെ ഇരട്ടി തുകയ്ക്കാണു വില്പന. തിരഞ്ഞെടുപ്പായതോടെ നാലിരട്ടിയായി ഉയര്‍ന്നു.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ മദ്യക്കടത്ത് എന്ന് അധികൃതര്‍ അറിയിച്ചു. അമിതവേഗത്തില്‍ വന്ന ലോറി, വേലിക്കാട് പാലത്തിനു സമീപം എക്സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.