നെടുമങ്ങാട്: നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കുഞ്ഞിന്റെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അമ്മ വിജി(29) യെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പരിസരവാസികളാണ് വീടിന് പിന്നിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതും വിഷയം പോലീസിനെ അറിയിച്ചതും.
‘വിജി ഒമ്പത് മാസം ഗർഭിണി ആയിരുന്നു. തിങ്കളാഴ്ച മുതൽ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകിൽ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടത്’- പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.
വിവരം അറിഞ്ഞെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്നത്.