ബേപ്പൂര്‍: നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ യന്ത്രവല്‍കൃത ബോട്ടും രണ്ട് ഫൈബര്‍ വള്ളങ്ങളും തീരദേശ പോലീസ് പിടികൂടി. പെരുമണ്ണ പടിഞ്ഞാറയില്‍ അബ്ദുല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടും ചെറുവണ്ണൂര്‍ ചേക്കിന്റകത്ത് സിദ്ദിഖിന്റെയും ചാമുണ്ടിവളപ്പ് അബ്ദുല്ലക്കോയയുടെയും വള്ളങ്ങളുമാണ് എസ്ഐ പി ആലിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
പിടികൂടിയ വള്ളങ്ങള്‍ നിന്നായി 140 ചാക്ക് മണല്‍, തെങ്ങിന് കുലച്ചില്‍, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ പോലീസ് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത ബോട്ടും വള്ളങ്ങളും ബേപ്പൂര്‍ ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്സ്മെന്റിനു കൈമാറി. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് ഇവര്‍ക്കെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
ആഴക്കടലില്‍ കൃത്രിമ പാര് സൃഷ്ടിച്ച് അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്നതിനാണ് ഇവര്‍ കുലച്ചിലും മണല്‍ ചാക്കും ഉപയോഗിക്കുന്നത്. വലിയ കൂന്തല്‍ മത്സ്യങ്ങള്‍ പെട്ടെന്നു പിടിക്കാന്‍ വേണ്ടി ഇത്തരത്തില്‍ ഇവ നിക്ഷേപിക്കുന്നത് കടലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ തകിടം മറിക്കുന്നതിനൊപ്പം അടിത്തട്ടില്‍ മലിനീകരണ പ്രശ്നവും സൃഷ്ടിക്കുന്നുണ്ട്.
ഇത്തരത്തില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ കടലില്‍ മണല്‍ ചാക്ക് നിക്ഷേപിക്കുന്നത് കാരണം മറ്റു ബോട്ടുകാരുടെ വിലപിടിപ്പുള്ള വല നശിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.