കോട്ടയം: തദ്ദേശ തരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കായി പുതിയ സേവനം ലഭ്യമാക്കി ബിഎസ്എന്‍എല്‍. സ്ഥാനാര്‍ത്ഥികള്‍ക്കു സ്വന്തം ശബ്ദത്തില്‍ കൂടുതല്‍ വോട്ടര്‍മാരോട് ഒരേ സമയം വോട്ട് അഭ്യര്‍ഥിക്കാന്‍ പറ്റുന്ന ‘ബള്‍ക്ക് വോയ്സ് കോള്‍ ഫെസിലിറ്റി’ സൗകര്യമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത് .
ഈ കൊവിഡ് കാലത്ത് നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാതെ ഫോണ്‍ കോളുകളിലൂടെയുള്ള വോട്ട് തേടലിനെ പ്രോത്സാഹിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. ജില്ലയിലെ എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകളിലെയും മുഴുവന്‍ വോട്ടര്‍മാരുടെയും മൊബൈല്‍/ലാന്‍ഡ് ഫോണിലേക്കും ശബ്ദസന്ദേശം അയയ്ക്കാം.
സ്ഥാനാര്‍ത്ഥിയോ നേതാക്കളോ നല്കുന്ന മൊബൈല്‍ നമ്പറിലേക്കും റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശം അയയ്ക്കാവുന്നതാണ്. 30 സെക്കന്‍ഡ് കോള്‍ ഒന്നിന് 50 പൈസ ഈടാക്കും. കൂടാതെ മൊബൈലിലേക്ക് വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്ത റിങ് ബാക്ക് ടോണ്‍ സേവനവും ലഭ്യമാണ്. വരണാധികാരിയുടെ അനുമതിപ്പത്രത്തോടൊപ്പം റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശവുമായി ബിഎസ്എന്‍എല്‍ ഉപഭോക്തൃ സേവനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9446557982,9429100570.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് 2020 തദ്ദേശ തരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. വോട്ടര്‍മാരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി കൂടുതലും ഫോണ്‍കോളുകളിലൂടെയും സോഷ്യല്‍ മീഡിയ വഴിയുമാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടുന്നത്.