പറവൂര്‍:കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഇത്തവണ കാര്‍ വാങ്ങാന്‍ ആഗ്രഹിച്ച യുവാവിനാണ് പണം നഷ്ടമായത്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ച പെരുമ്പടന്ന സ്വദേശി എബി പൗലോസാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. 32,000 രൂപയാണ് എബിക്ക് നഷ്ടമായത്.
ഓണ്‍ലൈനില്‍ കണ്ട കാര്‍ വാങ്ങാന്‍ അതില്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പറില്‍ എബി വിളിച്ചു. അമിത്കുമാര്‍ എന്നു പരിചയപ്പെടുത്തിയ ആള് ഹിന്ദിയിലാണു സംസാരിച്ചത്. തിരുവനന്തപുരത്തെ മിലിറ്ററി കന്റീനിലെ ജീവനക്കാരാനാണെന്നു പറഞ്ഞ ഇയാള്‍ ആര്‍മിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ലൈസന്‍സ് എന്നിവ അയച്ചു കൊടുത്തു. വിഡിയോ കോള്‍ ചെയ്തപ്പോള്‍ സൈനിക ക്യാംപില്‍ നിയന്ത്രണമുണ്ടെന്നു പറഞ്ഞു മുഖം വ്യക്തമാക്കിയില്ല.
വാഹനം വാങ്ങാന്‍ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോള്‍ കൊവിഡ് കാരണം ക്യാമ്പില്‍ ആരെയും കയറ്റില്ലെന്നും കാര്‍ ആര്‍മിയുടെ പാഴ്സല്‍ വാഹനത്തില്‍ അയയ്ക്കാമെന്നും അറിയിച്ചു. അതിനാവശ്യമായ തുക ഓണ്‍ലൈനായി വാങ്ങി. വാഹനം അയച്ച വിവരങ്ങളുടെ രസീത് നല്കി. പിന്നീടു പല തവണയായി പണം കൈപ്പറ്റിയെങ്കിലും കാര്‍ സമയത്ത് എത്തിയില്ല.
അന്വേഷിച്ചപ്പോള്‍ 50,000 രൂപ കൂടി അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. വില്പനയ്ക്കായി കാണിച്ചിരുന്ന വാഹനം കൊട്ടാരക്കര സ്വദേശിയുടേതാണെന്നു വ്യക്തമായപ്പോഴാണു എബി തട്ടിപ്പു തിരിച്ചറിഞ്ഞത്. എബി പോലീസില്‍ പരാതി നല്കി.
അതേസമയം, തിരുവനന്തപുരത്ത് ഓണ്‍ലൈനില്‍ ബുക്കുചെയ്ത ലാപ്ടോപ്പ് അമേരിക്കയില്‍ നിന്ന് കൊറിയറായി അയച്ചുനല്‍കാമെന്നു പറഞ്ഞ് യുവാവില്‍ നിന്ന് 3.20 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.