പത്തനംതിട്ട: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും. കൊവിഡ് കാലത്ത് പ്രചാരണത്തിന് പരിമിതികളുണ്ടെങ്കിലും മുന്നണികള്‍ കൂടുതല്‍ വാശിയോടെയാണ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി എല്ലാ മുന്നണികളും സോഷ്യല്‍ മീഡിയ പരമാവധി പ്രയോജനപ്പെടുത്തുകയാണ്.
ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളെല്ലാം പ്രചരണചൂടില്‍ പുകയുമ്പോള്‍ ഇപ്പോഴിതാ ഡിജിറ്റല്‍ പോസ്റ്റര്‍ വിഡിയോയും തരംഗമാകുന്നു. ചുവരിലേക്ക് പെയ്ന്റ് സ്പ്രെ ചെയ്യുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരും ചിത്രവും തെളിഞ്ഞ് വരുന്ന വിഡിയോ ആണിത്. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് ചെയ്തെടുത്തത്.
ഓമല്ലൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡ് (മഞ്ഞനിക്കര) എന്‍ഡിഎ സ്ഥാനാര്‍ഥി രവീന്ദ്രവര്‍മ അംബാനിലയം പുറത്തിറക്കിയ ഡിജിറ്റല്‍ പോസ്റ്റര്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കോട്ടയം നട്ടാശേരി കണ്ണാമ്പടത്ത് ആര് അനന്തകൃഷ്ണനാണ് വിഡിയോ തയ്യാറാക്കിയത്. ചിത്രകാരനും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ അനന്തകൃഷ്ണന് ഇതിനു മുന്‍പും ഇത്തരത്തില്‍ കൗതുകങ്ങളായ ഡിജിറ്റല്‍ മാതൃകകള്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ ആയൂര്‍വേദ മരുന്നു കമ്പനിയുടെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവാണ് അനന്തകൃഷ്ണന്.
ചൈനയിലും മറ്റും യഥാര്‍ഥത്തില്‍ തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കമ്പ്യൂട്ടര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു.