കുട്ടനാട്: തെരഞ്ഞെടുപ്പില്‍ കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എതിരാളികളില്ലാതെ സിപിഎം. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഉള്‍പ്പെടെ പത്രികകള്‍ തള്ളിയതോടെ സിപിഎം സ്ഥാനാര്‍ഥി എതിരില്ലാതെ ജയിക്കാന്‍ സാധ്യത. എല്‍ഡിഎഫിലെ കെ.എ.പ്രമോദും ഡമ്മി സ്ഥാനാര്‍ഥി എസ്.ഉമേഷ് കുമാറും മാത്രമാണ് ഇനി മത്സര രംഗത്തുള്ളത്.
വാര്‍ഡ് മാറി മത്സരിക്കുന്നവര്‍ അവരുടെ വോട്ടുള്ള പട്ടികയുടെ, ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പത്രികയ്ക്കൊപ്പം ഹാജരാക്കണമെന്ന ചട്ടം പാലിക്കാത്തതിനാലാണ് യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെയും കൈനകരി വികസന സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബു, ബിജെപി സ്ഥാനാര്‍ഥി അജേഷ് കണിപ്പറമ്പ്, കൈനകരി വികസന സമിതി വര്‍ക്കിങ് പ്രസിഡന്റ് ബി.കെ.വിനോദ് എന്നിവരുടെ പത്രികയാണു തള്ളിയത്. വിനോദിന്റെ 2 പത്രികയും ഡമ്മിയായ വിനു വിജയന്റെ പത്രികയും തള്ളിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നാം വാര്‍ഡില്‍ ജയിച്ചയാളാണ് വിനോദ്. കൈനകരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 8 പത്രികകളാണ് തള്ളിയത്.