ഇരവിപുരം: റേഷന്‍കടയിലെ അരി കടത്ത് നാട്ടുകാര്‍ കയ്യോടെ പിടിച്ചു. 20 ചാക്ക് അരിയും വാഹനവും പോലീസിനെ ഏല്‍പ്പിച്ചു. കൂട്ടിക്കട ചന്തക്കടയിലെ പൊതുവിതരണ കേന്ദ്രത്തില്‍ നിന്നും കടത്താന്‍ ശ്രമിച്ച 20 ചാക്ക് അരിയും വാഹനവുമാണു നാട്ടുകാര്‍ പിടികൂടി ഇരവിപുരം പോലീസിനെ ഏല്‍പ്പിച്ചത്.
ഇന്നലെ രാത്രി 7ന് ആയിരുന്നു സംഭവം. ഇവിടെയുണ്ടായിരുന്ന 2 യുവാക്കള്‍ വാഹനം ഉപേക്ഷിച്ചു കടന്നു. റേഷന്‍ കടയില്‍ ഉണ്ടായിരുന്ന തൊഴിലാളിയും ഓടി രക്ഷപ്പെട്ടു. ഇരവിപുരം സ്റ്റേഷനിലെ എസ്ഐമാരായ ദീപു, അഭിജിത്ത്,എഎസ്ഐ ജയപ്രകാശ് എന്നിവര്‍ എത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. ഇരവിപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
മഞ്ചേശ്വരത്ത് റേഷന്‍ അരി മറിച്ചുകടത്താനുള്ള ശ്രമം ആഗസ്റ്റില്‍ പോലീസ് പിടികൂടിയിരുന്നു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ എആര്‍ഡി നമ്പര്‍ രണ്ടിന്റെ റേഷന്‍ കടക്ക് മുന്നിലുണ്ടായിരുന്ന 50 കിലോ തൂക്കം വരുന്ന രണ്ട് ചാക്കുകളിലായി സൂക്ഷിച്ച അരിയാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്.
റേഷന്‍ അരി മറിച്ചുവില്‍പ്പന നടത്താന്‍ മറ്റൊരു വാഹനത്തില്‍ ചാക്കുകള്‍ കയറ്റാന്‍ ശ്രമിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ അന്വേഷണം സിവില്‍ സപ്ലൈ വകുപ്പിന് കൈമാറി. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായി റേഷന്‍ കടകളില്‍നിന്ന് മറിച്ചുകടത്തല് നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്.