ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ എലിപ്പനിക്കേസുകള്‍ കൂടിവരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍. പനി ഉണ്ടെങ്കില്‍ സ്വയം ചികിത്സ തേടരുതെന്നും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന രോഗമാണ് എലിപ്പനിയെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ കുളങ്ങളിലും തോടുകളിലും വെള്ളകെട്ടുകളിലും ചതുപ്പ് പ്രദേശങ്ങളിലും മീന്‍ പിടിക്കുന്നവരില്‍ എലിപ്പനി കേസുകള്‍ കൂടുതല്‍ കണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന മീന്‍ പിടിക്കുന്നവര്‍, കക്കവാരല്‍ തൊഴിലാളികള്‍, പുല്ലുചെത്തുന്നവര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ എല്ലാവരും തന്നെ പനിയോ ശരീരംവേദനയോ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പരിശോധനകള്‍ നടത്തി ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എലിപ്പനി ലക്ഷണങ്ങള്‍
തലവേദനയോട് കൂടിയ പനി
ശരീരം വേദന
കണ്ണിനും മൂത്രത്തിനും മഞ്ഞനിറം
എലി, കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയുമാണ് എലിപ്പനിക്ക് കാരണമായ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലീന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നും ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.