തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം. ഈ ഘട്ടത്തിൽ ആരാധനാലയങ്ങളും മാളുകളും തുറന്നാൽ രോഗ വ്യാപനം നിയന്ത്രണാതീതമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. അത്തരമൊരു സാഹചര്യം വന്നാൽ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിൽ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും.
മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയും. ആരോഗ്യ പ്രവർത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നിൽക്കേണ്ടി അവസ്ഥ ഉണ്ടാവാൻ അനുവദിക്കരുതെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
ആരാധനാലയങ്ങളും മാളുകളും പോലെ ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോൾ തുറക്കരുതെന്നും ഐഎംഎ നിർദേശിച്ചു. കഴിഞ്ഞ ആഴ്ചകളിൽ പുറം രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ ഭൂരിഭാഗം പേർക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരിൽ ചിലരെങ്കിലും ക്വാറന്റൈൻ ലംഘിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടി വരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.