തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റി. മെയ് 31 വരെ പരീക്ഷകൾ ഒന്നും നടത്തേണ്ടെന്നാണ് തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനം കൈക്കൊണ്ടത്. നേരത്തെ മെയ് 26 മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് ലോക്ക്ഡൗൺ നാലാംഘട്ടം മെയ് 31 വരെ നീട്ടുകയായിരുന്നു. കോളജുകൾ, സ്കൂളുകൾ അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 വരെ തുറക്കരുതെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ നാലാംഘട്ട ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ നിർദേശിച്ചിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് മെയ് 31 വരെ പരീക്ഷകൾ ഒന്നും നടത്തേണ്ടെന്ന് തീരുമാനിച്ചത്. സർവകലാശാലകൾ 31 വരെയുള്ള പല തീയതികളിലായി നിശ്ചയിച്ച പരീക്ഷകളുംമാറ്റിവെച്ചിട്ടുണ്ട്.