പത്തനാപുരം: നടുറോഡില്‍ ചങ്ങല കൊണ്ട് പരസ്പരം ബന്ധിപ്പിച്ച ശേഷം പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പത്തനാപുരത്താണ് സംഭവം. തന്നെ കൊല്ലാന്‍ കൊണ്ടുവന്നതാണെന്ന് യുവതി മൊഴി നല്കി.
മൊഴിയുടെ അടിസ്ഥാനത്തില്‍ കുന്നിക്കോട് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി എഴിന് കോട്ടവട്ടം പാട്ടപ്പുരമുകള് സ്കൂള്‍ ജംഗ്ഷനിലായിരുന്നു സംഭവം. യുവതിയും യുവാവും തമ്മില്‍ ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവാവ് പല തവണ യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് വഴങ്ങിയില്ല. വീട്ടുകാര്‍ അനുവദിച്ചാല്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന നിലപാടിലാണ് യുവതിയും. ഇതേതുടര്‍ന്ന് യുവതിയെയും കൂട്ടി ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഇതിനിടെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്.