തിരുവനന്തപുരം: എസ്.ഹരീഷിന്റെ നോവല്‍ മീശയ്ക്കെതിരായ സംഘപരിവാര്‍ പ്രതിഷേധത്തില്‍ പ്രതികരണവുമായി പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെട്ട് നോവല്‍ ഉണ്ടാക്കിയ മുറിവിന് ആഴം കൂട്ടരുതെന്നും നോവലിനെതിരേ പ്രതിഷേധിക്കാന്‍ ബിജെപി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മീശ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണു നല്ലതെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെയുള്ള ഭീഷണിയെ തുടര്‍ന്ന് മീശ എന്ന തന്റെ നോവല്‍ എസ്. ഹരീഷ് പിന്‍വലിച്ചിരുന്നു. നോവലിലെ പരാമര്‍ശങ്ങളുടെ പേരില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അപമാനിക്കാനുള്ള നീക്കമുണ്ടായതിനെ തുടര്‍ന്നാണ് ഒരു മലയാള വാരികയില്‍ പ്രസിദ്ധീകരിച്ചുവന്ന നോവല്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായതെന്ന് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എസ്.ഹരീഷ് പറഞ്ഞു.
മീശ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗമാണ് വിവാദമായത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലായിരുന്നു മീശ.
നോവലില്‍, അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ എഴുത്തുകാരനെതിരേ രംഗത്തെത്തിയത്. ആഴ്ചപ്പതിപ്പില്‍ നിന്നു പിന്‍വലിച്ച നോവല്‍ പിന്നീട് ഡിസി ബുക്സ് പുസ്തകമാക്കി പുറത്തിറക്കി. ഈ പുസ്തകം കത്തിച്ചും ചില സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.