കൊച്ചി: ജീവിതത്തില്‍ നമ്മളെല്ലാവരും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു കൂട്ടരാണ് സാധനങ്ങള്‍ വില്ക്കാന് വീട്ടിലെത്തുന്ന മാര്‍ക്കറ്റിംഗിന്റെ ആളുകളെ. പലപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങളാണെങ്കിലും സംസാരത്തില്‍ വീണ് പോയി സാധനങ്ങള്‍ വാങ്ങേണ്ടി വരാറുമുണ്ട്.
അങ്ങനെ സംസാരിച്ച് സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ മിടുക്കുള്ളവരേറെയാണ്. എന്നാല്‍ ഇങ്ങനെ എത്തുന്നവരെ തികഞ്ഞ അവഗണനയോടെ കാണുന്നവരും ഏറെയാണ്.
അതേസമയം, ഒരു മിടുക്കിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീടുവീടാന്തരം കയറി സാധനങ്ങള്‍ വില്‍ക്കുന്ന ഈ പെണ്‍കുട്ടിയുടെ വാക്കുകളില്‍ ജോലിയോടുള്ള തികഞ്ഞ ആത്മാര്‍ഥത പ്രകടമാണ്.
‘ എന്നാ മണമാണെന്നോ ഇത്താ, ഇതുകൊണ്ട് തുണി കഴുകിയാല്‍ ദൂരെയുള്ളവര്‍ വരെ ചോദിക്കും ഏതാ സോപ്പു പൊടിയെന്ന്..’
ബാത്റൂം ക്ലീനര്‍ 99.9 ശതമാനം കീടാണുക്കളെയും കൊല്ലും. മണം പോലെ തന്നെ ഗുണമാണ്. ഇത്ത ഇത് പുറത്തുനിന്ന് വാങ്ങുകയാണെങ്കില്‍ 220 രൂപയാകും. പക്ഷേ ഇത്ത ഇപ്പോള്‍ വാങ്ങുകയാണെങ്കില്‍ വെറും 145 രൂപ മാത്രം മതി. ലാഭമല്ലേ.. ഇത്ത…’
ഈ വാക്കുകളില്‍ ആ പെണ്‍കുട്ടി അതിന്റെ ആത്മാര്‍ഥത ചേര്‍ത്ത് പറയുമ്പോള്‍ കേട്ട് നിന്ന ഇത്തയും പറഞ്ഞുപോയി ലാഭം തന്നെയാണ് മോളെ…എന്നിട്ട് വാല്സ്യത്തോടെ ഒരു ചിരിയും പാസാക്കി.
പെണ്‍കുട്ടിയുടെ മാര്‍ക്കറ്റിംഗ് വീഡിയോ എന്തായാലും സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. ദിവസങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങളുടെ കയ്യടി നേടുകയാണ് ഈ മിടുക്കി.