കൊല്ലം: ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കൊല്ലം പുത്തൂരിലാണ് സംഭവം. എല്‍കെജി വിദ്യാര്‍ത്ഥിയായ ശിവജിത്താണ് മരിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലില്‍ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെ തന്റെ കാലില്‍ എന്തോ കടിച്ചെന്ന് അഞ്ചുവയസ്സുകാരന് അമ്മയെ അറിയിച്ചിരുന്നു. അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ രണ്ട് പാടുകളും ചോരയും വരുന്നത് ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെ അടുത്തുള്ള വൈദ്യന്റെ അടുത്തെത്തിച്ചു.
എന്നാല്‍ ചികിത്സതേടിയ ശേഷം തിരികെ വീട്ടിലെത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായിത്തുടങ്ങിയിരുന്നു. ഇതോടെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.