എടപ്പാള്‍: അങ്കണവാടികളിലെ കുഞ്ഞുങ്ങളുടെ പകലുറക്കത്തിന് കടിഞ്ഞാണ്‍ ഇട്ട് അധികൃതര്‍. ഉച്ചയ്ക്ക് ഭക്ഷണം നല്കി മൂന്നു മണി വരെ കുഞ്ഞുങ്ങളെ ഉറക്കികിടത്തുന്നത് അങ്കണവാടികളിലെ പതിവു രീതിയാണ്. ആ രീതിയാണ് അധികൃതര്‍ പൊളിച്ചെഴുതുന്നത്. പാചകത്തിന് ഇനി മണ്ണിന്റെയോ സ്റ്റീലിന്റെയോ പാത്രങ്ങള്‍ മതിയെന്നും നിര്‍ദേശമുണ്ട്. കുട്ടികള്‍ക്ക് നേരത്തെ ഭക്ഷണം കൊടുത്ത് നിര്‍ബന്ധിച്ച് കിടത്തി ഉറക്കുന്ന രീതിയ്ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.
ഇങ്ങനെ ഉറങ്ങുന്നത് അവരുടെ ബുദ്ധിവികാസത്തിന് തടസ്സമാകുമെന്നും മന്ദത വരുത്തുമെന്നുമാണ് വിലയിരുത്തല്‍. പനിയോ ചെറിയ ക്ഷീണമോ ഉളള കുട്ടികളുടെ കാര്യത്തില്‍ നിബന്ധനകളില്ല. കുട്ടികള്‍ കൂടുതല്‍സമയം ചെറിയകളികളിലും ബുദ്ധിവികാസത്തിനുതകുന്ന പ്രവര്ത്തനങ്ങളിലുമേര്പ്പെടാനുള്ള സൗകര്യങ്ങള്‍ അങ്കണവാടികളിലേര്പ്പെടുത്താനും നിര്‍ദേശമുണ്ട്. കളിസ്ഥലങ്ങള്‍, കളിക്കോപ്പുകള്‍ എന്നിവ കൂടുതല്‍ സജ്ജമാക്കണം.
കാലങ്ങളായി ഉപയോഗിക്കുന്ന അലൂമിനിയപാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാകുമെന്നതിനാലാണ് അലുമിനിയ പാത്രങ്ങള്‍ ഒഴിവാക്കാന്‍ കാരണം. ജില്ലാതല സോഷ്യല്‍ ഓഡിറ്റ് സമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുളളത്. പാത്രങ്ങള്‍ക്കുളള ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയോ മറ്റു തരത്തിലോ കണ്ടെത്തണം. സ്പെഷല്‍ സെക്രട്ടറി പികെ പ്രഭാകരന് സാമൂഹിക-നീതി-ക്ഷേമ വകുപ്പുദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് അടുത്തുതന്നെ ഉത്തരവിറക്കിയേക്കും.